കൂത്താട്ടുകുളം: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കൂത്താട്ടുകുളം സബ് രജിസ്ട്രാർ ഓഫീസിൽ ദേശീയ പതാക അനാദരവോടെ പ്രദർശിപ്പിച്ചതായി പരാതി. സംഭവത്തിൽ കേസെടുത്ത കൂത്താട്ടുകുളം പോലീസ് സ്ഥലത്തെത്തി ദേശീയ പതാക സീസ് ചെയ്തു. എംസി റോഡരികിൽ പ്രവർത്തിക്കുന്ന സബ് രജിസ്ട്രാർ ഓഫീസ് വളപ്പിൽ കൃത്യമായ കൊടിമരം ഉണ്ടായിരുന്നിട്ടും അവിടെ പതാക ഉയർത്താൻ അധികൃതർ തയാറായില്ലെന്നാണ് പരാതി.
പകരം ഓഫീസ് കെട്ടിടത്തിന്റെ മുൻവശത്തെ ഗ്രില്ലിൽ പിവിസി പൈപ്പിൽ കെട്ടിവച്ച നിലയിലാണ് പതാക കണ്ടത്. ഫ്ലാഗ് കോഡ് ചട്ടങ്ങൾ പൂർണമായും ലംഘിച്ചുകൊണ്ടുള്ള നടപടി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഹിന്ദു ഐക്യവേദി മൂവാറ്റുപുഴ താലൂക്ക് പ്രസിഡന്റും കൂത്താട്ടുകുളം സ്വദേശിയുമായ പി.സി. അജയഘോഷ് പോലീസിൽ പരാതി നൽകുകയായിരുന്നു.
പരാതി ലഭിച്ചയുടൻ പോലീസ് സംഘം സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ച് പതാക കസ്റ്റഡിയിലെടുത്തു. ഫ്ലാഗ് കോഡ് ലംഘനവുമായി ബന്ധപ്പെട്ട് സംഭവത്തിൽ അന്വേഷണം നടത്തി കേസെടുത്തിട്ടുള്ളതായി കൂത്താട്ടുകുളം പോലീസ് അറിയിച്ചു. ഔദ്യോഗിക സ്ഥാപനത്തിന്റെ ഭാഗത്തു നിന്നുണ്ടായ ഈ വീഴ്ച നാട്ടുകാർക്കിടയിലും പ്രതിഷേധത്തിന് ഇടയാക്കി.
ആളില്ലാത്തതിനാലെന്ന് വിശദീകരണം
ഓഫീസ് കെട്ടിടത്തിലെ ഗ്രില്ലിൽ ദേശീയപതാക കെട്ടിയ സംഭവത്തിൽ വിശദീകരണവുമായി സബ് രജിസ്ട്രാർ ഓഫീസ് അധികൃതർ രംഗത്തെത്തി. കാലപ്പഴക്കം ചെന്ന കൊടിമരത്തിൽ കയറാനോ കയർ സ്ഥാപിക്കാനോ ആളില്ലാത്തതിനാലാണ് ഇത്തരമൊരു നടപടി സ്വീകരിക്കേണ്ടി വന്നതെന്ന് അധികൃതർ വ്യക്തമാക്കി.
വനിതാ ജീവനക്കാർ മാത്രം ജോലി ചെയ്യുന്ന ഓഫീസിൽ പതാക ഉയർത്താൻ മറ്റ് സുരക്ഷിതമായ മാർഗങ്ങളില്ലായിരുന്നു. സബ് രജിസ്ട്രാറുടെ നിർദേശപ്രകാരം രാവിലെ ഒന്പതോടെ ഓഫീസ് ജീവനക്കാരിയാണ് ഗ്രില്ലിൽ പതാക സ്ഥാപിച്ചത്. മുൻവർഷങ്ങളിലും ഇതേ രീതിയിലാണ് സ്വാതന്ത്ര്യദിനം ആചരിച്ചിരുന്നതെന്നും ദേശീയപതാകയോട് യാതൊരുവിധ അനാദരവും കാണിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.